Month: മാർച്ച് 2021

ദൈവം പ്രവര്‍ത്തനനിരതനാണ്

'ദൈവം കരയുന്നു.'' വിവിധ ജാതികളില്‍നിന്നുള്ള ഒരു കൂട്ടം ക്രിസ്തുവിശ്വാസികള്‍ക്കൊപ്പം മഴയത്തു നില്‍ക്കുമ്പോള്‍ ബില്‍ ഹാലിയുടെ പത്തുവയസ്സുള്ള മകള്‍ മന്ത്രിച്ച വാക്കുകള്‍ ആയിരുന്നു അവ. ദൈവത്തെ അന്വേഷിക്കാനും അമേരിക്കയിലെ വംശീയവിയോജിപ്പിന്റെ പാരമ്പര്യത്തെക്കുറിച്ചു മനസ്സിലാക്കാനും എത്തിയതായിരുന്നു അവര്‍. മുന്‍ അടിമകളെ അടക്കം ചെയ്ത സ്ഥലത്ത് അവര്‍ നില്‍ക്കുമ്പോള്‍, അവര്‍ കൈകോര്‍ത്തു നിന്നു പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് കാറ്റു വീശാനും മഴ പെയ്യാനും തുടങ്ങി. വംശീയവിഭജനം സൗഖ്യമാകുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്കു നേതാവ് ആഹ്വാനം ചെയ്തപ്പോള്‍, മഴ ശക്തിയാര്‍ജ്ജിച്ചു. അനുരഞ്ജനവും പാപമോചനവും നല്‍കാന്‍ ദൈവം പ്രവര്‍ത്തിക്കുന്നുവെന്ന് ഒത്തുകൂടിയവര്‍ വിശ്വസിച്ചു.

കാല്‍വരിയിലും അങ്ങനെ സംഭവിച്ചു - ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. ക്രൂശിക്കപ്പെട്ട യേശു അന്ത്യശ്വാസം വലിച്ചപ്പോള്‍, 'ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു' (മത്തായി 27:52). യേശു ആരാണെന്ന് ചിലര്‍ നിഷേധിച്ചെങ്കിലും, അവനു കാവല്‍നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ശതാധിപന്‍ മറ്റൊരു നിഗമനത്തിലെത്തി: 'ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചത് കണ്ടിട്ട്: അവന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു' (വാ. 54). 

യേശുവിന്റെ മരണത്തില്‍, തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും പാപമോചനം നല്‍കിക്കൊണ്ട് ദൈവം പ്രവര്‍ത്തനനിരതനായിരുന്നു. 'ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു' (2 കൊരിന്ത്യര്‍ 5:19). ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ചുവെന്ന് തെളിയിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം പരസ്പരം പാപങ്ങളെ ക്ഷമിക്കുന്നതല്ലാതെ മറ്റെന്താണ്? 

സ്‌നേഹപൂര്‍വ്വമായ തിരുത്തല്‍

അമ്പതു വര്‍ഷത്തിലേറെയായി, എന്റെ പിതാവ് തന്റെ എഡിറ്റിങ്ങിലെ മികവിനായി പരിശ്രമിച്ചു. തെറ്റുകള്‍ കണ്ടെത്തുക മാത്രമല്ല, വ്യക്തത, യുക്തിഭദ്രത, ഒഴുക്ക്, വ്യാകരണം എന്നിവയിലും ഒരു രചന മികച്ചതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. ചുവപ്പിനെക്കാള്‍ തിരുത്തലുകള്‍ക്കായി പച്ചമഷിയുള്ള പേനയാണ് അദ്ദേഹം ഉപയോഗിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് ഒരു പച്ചപ്പേന ' കൂടുതല്‍ സൗഹൃദപരമായി' തോന്നി. ചുവപ്പു മഷി ഒരു പുതിയ, അല്ലെങ്കില്‍ ആത്മവിശ്വാസമില്ലാത്ത എഴുത്തുകാരനെ ദ്യോതിപ്പിക്കുന്നു. തെറ്റുകളെ മികച്ച നിലയില്‍ സൗമ്യമായി ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

യേശു ആളുകളെ തിരുത്തിയപ്പോള്‍, സ്‌നേഹത്തോടെയാണ് അതു ചെയ്തത്. ചില സാഹചര്യങ്ങളില്‍ - പരീശന്മാരുടെ കപടഭക്തിക്കെതിരെ സംസാരിച്ചതുപോലെയുള്ള സമയങ്ങളില്‍ (മത്തായി 23) - അവിടുന്ന് അവരെ കഠിനമായി ശാസിച്ചു. എങ്കിലും അത് അവരുടെ പ്രയോജനത്തിനായിട്ടായിരുന്നു. എന്നാല്‍ അവന്റെ സ്‌നേഹിതയായ മാര്‍ത്തയുടെ കാര്യത്തില്‍, ഒരു സൗമ്യമായ തിരുത്തല്‍ മാത്രം മതിയിരുന്നു (ലൂക്കൊസ് 10:38-42). പരീശന്മാര്‍ യേശുവിന്റെ ശാസനയോടു മോശമായി പ്രതികരിച്ചപ്പോള്‍, മാര്‍ത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകളില്‍ ഒരാളായി തുടര്‍ന്നു (യോഹന്നാന്‍ 11:5).

തിരുത്തല്‍ അസുഖകരമായേക്കാം. നമ്മില്‍ വളരെ കുറച്ചുപേര്‍ മാത്രമേ അതിഷ്ടപ്പെടുന്നുള്ളൂ. ചിലപ്പോഴൊക്കെ, നമ്മുടെ അഭിമാനം കാരണം, അതു കൃപയോടെ സ്വീകരിക്കാന്‍ പ്രയാസമാണ്. സദൃശവാക്യങ്ങള്‍ ജ്ഞാനത്തെക്കുറിച്ച് വളരെയധികം സംസാരിക്കുകയും 'ശാസന കേള്‍ക്കുന്നത്' ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അടയാളമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു (15:31-32).

ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ തിരുത്തല്‍ നമ്മുടെ ദിശ ക്രമീകരിക്കാനും അവിടുത്തെ കൂടുതലായി അടുത്തു അനുഗമിക്കാനും സഹായിക്കുന്നു. അതു നിരസിക്കുന്നവര്‍ക്കു കര്‍ശനമായ മുന്നറിയിപ്പു നല്‍കുന്നു (വാ.10), എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അതിനോടു പ്രതികരിക്കുന്നവര്‍ക്കു ജ്ഞാനവും വിവേകവും ലഭിക്കും (വാ. 31-32).

പര്‍പ്പിള്‍ ഷാള്‍

എന്റെ വീട്ടില്‍ നിന്നു നൂറുകണക്കിനു മൈലുകള്‍ അകലെയുള്ള ഒരു കാന്‍സര്‍ സെന്ററില്‍ എന്റെ അമ്മയെ പരിചരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആളുകളോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒറ്റപ്പെടലും ഏകാന്തതയും എന്റെ ശക്തി ക്ഷയിപ്പിച്ചു. ശാരീരികവും മാനസികവും വൈകാരികവുമായ തളര്‍ച്ചയ്ക്കു ഞാന്‍ അടിമപ്പെട്ടുപോയാല്‍, എനിക്ക് എങ്ങനെ എന്റെ അമ്മയെ ശുശ്രൂഷിക്കാനാവും?  

ഒരു ദിവസം, ഒരു സ്‌നേഹിത എനിക്ക് അപ്രതീക്ഷിതമായി ഒരു സമ്മാനപ്പൊതി അയച്ചു. ആളുകള്‍ ഞങ്ങള്‍ക്ക് വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന ഹൃദ്യമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നോണം ഒരു പര്‍പ്പിള്‍ പ്രേയര്‍ ഷാള്‍ ആണ് എന്റെ സനേഹിത അയച്ചത്. മൃദുവായ നൂല്‍ എന്റെ ചുമലില്‍ ചുറ്റിക്കിടക്കുമ്പോഴെല്ലാം, തന്റെ ജനത്തിന്റെ പ്രാര്‍ത്ഥന ഉപയോഗിച്ച് ദൈവം എന്നെ ആലിംഗനം ചെയ്യുന്നതായി എനിക്കു തോന്നി. വര്‍ഷങ്ങള്‍ക്കുശേഷവും, എന്നെ ആശ്വസിപ്പിക്കാനും എന്റെ തീരുമാനങ്ങളെ ശക്തിപ്പെടുത്താനും ദൈവം ഇപ്പോഴും ആ പര്‍പ്പിള്‍ ഷാള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന്റെ ആത്മപ്രചോദിതമായ പ്രാധാന്യതയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് സ്ഥിരീകരിച്ചു. തന്റെ യാത്രാവേളകളില്‍ ആവശ്യമായിരിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനുമായുള്ള വികാരനിര്‍ഭരമായ അഭ്യര്‍ത്ഥനയിലൂടെ, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ ശുശ്രൂഷയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു പൗലൊസ് തെളിയിച്ചു (റോമര്‍ 15:30). പ്രത്യേകമായ പ്രാര്‍ത്ഥനാ അപേക്ഷകള്‍ നല്‍കിക്കൊണ്ട്, താന്‍ സഹവിശ്വാസികളുടെ പിന്തുണയെ ആശ്രയിക്കുന്നുവെന്നു മാത്രമല്ല, ദൈവം പ്രാര്‍ത്ഥനയ്ക്കു ശക്തമായി ഉത്തരം നല്‍കുന്നുവെന്ന തന്റെ വിശ്വാസവും അപ്പൊസ്തലന്‍ വെളിപ്പെടുത്തി (വാ. 31-33).

നമുക്കെല്ലാവര്‍ക്കും ഏകരായി തോന്നുന്ന ദിവസങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ത്തനെ എങ്ങനെ നമുക്കുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിക്കാമെന്നും പൗലൊസ് നമുക്കു കാണിച്ചുതരുന്നു. ദൈവജനത്തിന്റെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നമ്മെ പൊതിയുമ്പോള്‍, ജീവിതം നമ്മെ എവിടേക്കു നയിച്ചാലും, നമുക്കു ദൈവത്തിന്റെ ശക്തിയും ആശ്വാസവും അനുഭവിക്കാന്‍ കഴിയും.

ചെറുതെങ്കിലും ശക്തിയുള്ളത്

വടക്കേ അമേരിക്കയിലെ കഠിനമായ സോനോറന്‍ മരുഭൂമിയില്‍, രാത്രി വൈകി, പതിഞ്ഞതും എന്നാല്‍ ഗാംഭീര്യമുള്ളതുമായ അലര്‍ച്ച ചിലപ്പോഴൊക്കെ കേള്‍ക്കാം. പക്ഷേ, ശബ്ദത്തിന്റെ ഉറവിടം നിങ്ങള്‍ സംശയിക്കുന്നതേയല്ല - ചെറുതും എന്നാല്‍ ശക്തിയുള്ളതുമായ പുല്‍ച്ചാടി എലി, അതിന്റെ അധീശപ്രദേശം സ്ഥാപിക്കാനായി ചന്ദ്രനെ നോക്കി അലറുന്നതാണത്.

ഈ സവിശേഷ എലി ('വേര്‍വൂള്‍ഫ് മൗസ്' എന്ന് വിളിക്കപ്പെടുന്നു) മാംസഭോജിയാണ്. വാസ്തവത്തില്‍, തേളിനെപ്പോലെ, മറ്റു ജീവികള്‍ ഭക്ഷിക്കാന്‍ ധൈര്യപ്പെടാത്ത ജീവികളെയാണ് ഇത് ഇരയാക്കുന്നത്. എന്നാല്‍ ആ പ്രത്യേക യുദ്ധത്തിന് വേര്‍വൂള്‍ഫ് മൗസ് പ്രത്യേകമായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇതിന് തേളിന്റെ വിഷത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, വിഷവസ്തുക്കളെ വേദനസംഹാരിയാക്കി മാറ്റുവാനും കഴിയും!

അതികഠിനമേറിയ ജീവിതസാഹചര്യത്തോട് ഒത്തിണങ്ങിപ്പോകുവാനും പുരോഗമിക്കുവാനും അനുയോജ്യമായി നിര്‍മ്മിച്ചതായിത്തോന്നുന്ന ഈ കുഞ്ഞെലിയുടെ രീതിയില്‍ നമ്മെ പ്രചോദിപ്പിക്കുന്ന ചിലതുണ്ട്. അത്തരത്തിലുള്ള അത്ഭുതകരമായ കരകൗശലം, തന്റെ ജനത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ രൂപകല്പനകളിലും തെളിയുന്നതായി എഫെസ്യര്‍ 2:10 ല്‍ പൗലൊസ് വിശദീകരിക്കുന്നു. നാം ഓരോരുത്തരും യേശുവിലുള്ള 'ദൈവത്തിന്റെ കൈപ്പണി' ആണ്, അവിടുത്തെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ അതുല്യമാംവിധം നമ്മെ സജ്ജീകരിച്ചിരിക്കുന്നു. ദൈവം നിങ്ങള്‍ക്കു നല്‍കിയ താലന്തുകള്‍ എന്തായിരുന്നാലും, വാഗ്ദാനം ചെയ്യാന്‍ നിങ്ങളുടെ പക്കല്‍ ധാരാളമുണ്ട്. ദൈവം നിങ്ങളെ ആരാക്കി എന്നതു നിങ്ങള്‍ ആത്മവിശ്വാസത്തോടെ സ്വീകരിക്കുമ്പോള്‍, ദൈവത്തിലുള്ള ജീവിതത്തിന്റെ പ്രത്യാശയ്ക്കും സന്തോഷത്തിനും നിങ്ങള്‍ ജീവനുള്ള സാക്ഷിയായിത്തീരും. 

അതിനാല്‍, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്നത് ഏറ്റവും ഭയാനകമായതായിരുന്നാലും ധൈര്യപ്പെടുക. നിങ്ങള്‍ക്ക് ചെറുതായിത്തോന്നാം, പക്ഷേ ആത്മാവിന്റെ ദാനത്തിലൂടെയും ശക്തിയിലൂടെയും ദൈവത്തിന് നിങ്ങളെ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കാന്‍ കഴിയും.

അത് യേശുവാണ്!

ജനപ്രിയ യുഎസ് റ്റെലിവിഷന്‍ റ്റാലന്റ് മത്സരമായ അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ ഒരു എപ്പിസോഡിനിടെ, അഞ്ചു വയസ്സുകാരി വളരെ ആദരവോടെ പാടിയതുകണ്ട് ഒരു ജഡ്ജ് അവളെ 1930 കളിലെ ഒരു പ്രശസ്ത ബാലഗായികയും നര്‍ത്തകിയുമായ ബാലികയോടു താരതമ്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു, 'ഷെര്‍ലി ടെമ്പിള്‍ നിന്റെ ഉള്ളില്‍ എവിടെയോ ജീവിക്കുന്നുണ്ടെന്നു ഞാന്‍ കരുതുന്നു.'' അവളുടെ അപ്രതീക്ഷിത പ്രതികരണം: 'ഷെര്‍ലി ടെമ്പിള്‍ അല്ല. യേശു!'' 

ആ കൊച്ചു പെണ്‍കുട്ടിയുടെ സന്തോഷം, അവളില്‍ വസിക്കുന്ന യേശുവില്‍നിന്നാണെന്നുള്ള ആഴത്തിലുള്ള അവബോധത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു. യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവത്തോടൊത്തുള്ള നിത്യജീവന്റെ വാഗ്ദാനം മാത്രമല്ല, യേശുവിന്റെ സാന്നിധ്യവും അവിടുത്തെ ആത്മാവിലൂടെ ലഭിക്കുന്നുവെന്ന അത്ഭുതകരമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഉറപ്പ് തിരുവെഴുത്തു നമുക്കു നല്‍കുന്നു-നമ്മുടെ ഹൃദയങ്ങള്‍ യേശുവിന്റെ ഭവനമായിത്തീരുന്നു (കൊലൊസ്യര്‍ 1:27; എഫെസ്യര്‍ 3:17).

നമ്മുടെ ഹൃദയങ്ങളിലുള്ള യേശുവിന്റെ സാന്നിദ്ധ്യം, കൃതജ്ഞതയ്ക്കുള്ള എണ്ണമറ്റ കാരണങ്ങള്‍കൊണ്ടു നമ്മെ നിറയ്ക്കുന്നു (കൊലൊസ്യര്‍ 2:6-7). ഉദ്ദേശ്യത്തോടും ഊര്‍ജ്ജസ്വലരായും ജീവിക്കാനുള്ള കഴിവ് അവിടുന്നു നല്‍കുന്നു (1:28-29). എല്ലാ സാഹചര്യങ്ങളിലും, ആഘോഷവേളകളിലും പോരാട്ടസമയങ്ങളിലും, അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷം വളര്‍ത്തുന്നു (ഫിലിപ്പിയര്‍ 4:12-13). നമുക്ക് എല്ലാം കാണാന്‍ കഴിയാത്തപ്പോള്‍പ്പോലും ദൈവം നന്മയ്ക്കായി സകലവും കൂടി വ്യാപരിപ്പിക്കുന്നുവെന്ന പ്രത്യാശ ക്രിസ്തുവിന്റെ ആത്മാവ് നമ്മുടെ ഹൃദയത്തില്‍ നല്‍കുന്നു (റോമര്‍ 8:28). നമുക്ക്ുചുറ്റുമുള്ള കുഴപ്പങ്ങള്‍ കണക്കിലെടുക്കാതെ, ആത്മാവ് നമുക്കു സമാധാനം നല്‍കുന്നു (കൊലൊസ്യര്‍ 3:15).

നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്ന യേശുവില്‍നിന്നു ലഭിക്കുന്ന ആത്മവിശ്വാസത്തോടെ, മറ്റുള്ളവര്‍ ശ്രദ്ധിക്കത്തക്കവിധം അവിടുത്തെ സാന്നിദ്ധ്യം നമ്മിലൂടെ പ്രകാശിക്കാന്‍ നമുക്ക് അനുവദിക്കാം.